സംരംഭകരെ വിമർശിക്കാൻ പാടില്ലേ?
ഒരു എന്റർപ്രണർ എല്ലാ വിമർശനങ്ങൾക്കും അതീതരാണോ?

സമൂഹത്തിൽ തൊഴിലുകൾ സൃഷ്ടിക്കുന്നതും ഇന്നവേഷനുകൾ കൊണ്ടു വരുന്നതുമെല്ലാം സംരംഭകരാണ്. എന്നാൽ ഈ കാരണം കൊണ്ട് സംരംഭകരെ ആരും എതിർക്കാനോ വിമർശിക്കാനോ പാടില്ലെന്ന് പറയുന്നത് ശരിയല്ല.
സമൂഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി തന്നെയാണ് ഒരു സംരംഭം വളർന്നുവരുന്നത്. അപ്പോൾ സ്വഭാവികമായും വിമർശനങ്ങളുണ്ടാവും.
ലോകത്ത് അർത്ഥവത്തായ എന്തെങ്കിലും നിർമ്മിക്കാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിന്റെ കൂടെ പ്രതിസന്ധികളുണ്ടാകും. ഏതൊരു സംരംഭവും കെട്ടിപ്പടുക്കുന്നത് മനുഷ്യരാണ്. മനുഷ്യർ ചെയ്യുന്ന കാര്യങ്ങളിൽ പോരായ്മകളും അപാകതകളും സ്വാഭാവികമാണ്. അപ്പോൾ വിമർശനങ്ങളുമുണ്ടാവും.
പലപ്പോഴും കേട്ടറിവുകൾ മാത്രം വെച്ചുള്ളതാവും ആക്ഷേപങ്ങളിൽ പലതും. ഒരു സംരംഭം എങ്ങനെ മുന്നോട്ട് പോകണം, ഇതിന്റെ ആത്യന്തിക ലക്ഷ്യമെന്താണ് എന്നൊക്കെ ഫീഡ് ചെയ്ത് വെച്ചിരിക്കുന്നത് ആ സംരംഭകന്റെ ബ്രെയിനിൽ ആണല്ലോ! അതു കൊണ്ടാണല്ലോ ഓരോ സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് സ്ട്രാറ്റജികളിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ കിട്ടിയ വിവരങ്ങളും തെറ്റിദ്ധരിക്കപ്പെട്ട വസ്തുതകളും അടിസ്ഥാനമാക്കിയാവും ചിലപ്പോഴെങ്കിലും ആക്ഷേപങ്ങൾ ഉയരുന്നത്. അതുകൊണ്ടു തന്നെ എല്ലാം മനസ്സിലാക്കിയതിന് ശേഷം മാത്രമേ ആക്ഷേപങ്ങൾ ഉന്നയിക്കാവൂ എന്നു പറയുന്നതിൽ അടിസ്ഥാനമില്ല.
എന്നാൽ, നീതിരഹിതമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് അനവധി പേരുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും സമ്പത്തും ആയുസ്സുമെല്ലാം പണയപ്പെടുത്തി കെട്ടിപ്പടുത്തൊരു സംരംഭത്തെ മുച്ചൂടും നശിപ്പിക്കുക എന്ന ദുരുദ്ദേശത്തോടെ നടത്തുന്ന ആക്ഷേപങ്ങൾ ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല.
ഒരു ഉദാഹരണം പറയാം, കേരളത്തിൽ ബിസിനസ് ചെയ്യുന്ന ഒരാളാണെങ്കിൽ ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കൽ സോഷ്യൽ മീഡിയയിൽ നിങ്ങൾ ഏറ്റവും കൂടുതൽ കേൾക്കാൻ സാധ്യതയുള്ള വാക്കാണ് 'സ്കാം' (Scam) അല്ലെങ്കിൽ തട്ടിപ്പ്.
നിങ്ങൾ വിൽക്കുന്ന ഒരു ഉൽപ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഒരു ഉപഭോക്താവ് മോശം അഭിപ്രായം പറഞ്ഞാൽ ഉടനെ അതൊരു ‘തട്ടിപ്പായി’ മാറുന്നു. ഇനി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാലും അവിടെയും വരുന്നത് ഇതേ വാക്ക് തന്നെ.
കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ലെങ്കിൽ മറ്റൊന്നിനെ വിശേഷിപ്പിക്കാൻ ഇന്ന് നമുക്ക് ഏറ്റവും എളുപ്പമുള്ള വാക്കായി ഇത് മാറിയിരിക്കുന്നു. പതിയെ ഇതൊരു മോശം സംസ്‌കാരമായി കേരളത്തിൽ വളരുകയാണ്.
ട്രാൻസിഷൻ പീരിയഡിലോ മറ്റോ പ്രസ്തുത സംരംഭം സ്ട്രഗിൾ നേരിടുന്ന ഘട്ടങ്ങളിലാണ് ഇത്തരം ആക്ഷേപങ്ങൾ കൂടുതലായും ഉണ്ടാവുക.
ചില ഉദാഹരണങ്ങൾ പറയാം:
ഒരു സ്റ്റാർട്ടപ്പ് കമ്പനി പുതിയൊരു പ്രോഡക്റ്റ് വിപണിയിൽ ഇറക്കി എന്ന് കരുതുക. അപ്രതീക്ഷിതമായ ലോജിസ്റ്റിക് പ്രശ്നങ്ങൾ കാരണം ഡെലിവറി വൈകിയേക്കാം. ഇതിനെ ഉടനെ "ക്യാഷ് വാങ്ങി മുങ്ങി" എന്ന് പറയുന്നതിന് പകരം, അതൊരു പ്രവർത്തനപരമായ പ്രതിസന്ധിയായി (Operational struggle) കാണണം.
ഒരു പുതിയ ആപ്പ് ലോഞ്ച് ചെയ്യുമ്പോൾ അതിൽ ബഗുകൾ (Bugs) ഉണ്ടായേക്കാം. അത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നാൽ ആ പിഴവ് പരിഹരിക്കാൻ ശ്രമിക്കുന്ന ഡെവലപ്പറെ 'സ്കാമർ' എന്ന് വിളിക്കുന്നത് ആ സംരംഭത്തെ നശിപ്പിക്കലാണ്.
കമ്പനിയുടെ വളർച്ചയ്ക്കായി പോളിസികളിലോ സർവീസ് രീതികളിലോ മാറ്റം വരുത്തുമ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. മാറ്റം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടിനെ 'തട്ടിപ്പ്' എന്ന് വിശേഷിപ്പിക്കുന്നത് സംരംഭകന്റെ ആത്മവിശ്വാസം തകർക്കും.
വലിയ തുക നിക്ഷേപിച്ച ഒരു ഇൻവെസ്റ്റർ കമ്പനിയുടെ വിഷനെ ബാധിക്കുന്ന വിധത്തിൽ ഒരു നിർദ്ദേശം മുന്നോട്ട് വെക്കുകയും അതു നടപ്പിലാക്കാൻ സമർദ്ദം ചെലുത്തുകയും ചെയ്യുമ്പോൾ ആ ഇൻവെസ്റ്ററെ പിരിച്ചു വിടേണ്ടി വരും. ഇത് സ്വാഭാവികമായും കുറച്ച് കാലത്തേക്കെങ്കിലും വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കും. അപ്പോഴെല്ലാം അറിഞ്ഞ കാര്യം മാത്രം വെച്ച് ‘സ്കാം’ എന്ന് ആക്ഷേപമുയരും.
അതിനിടെ, പെട്ടെന്ന് പണമുണ്ടാക്കുക എന്ന ദുരുദ്ദേശ്യത്തോടെ മനപൂർവ്വം തട്ടിപ്പ് ലക്ഷ്യമിടുന്ന സംഘങ്ങൾ സംരഭക ലേബലിൽ സജീവമാകുന്നു എന്നതൊരു വസ്തുതയാണ്. കാര്യമായൊരു ഫൗണ്ടേഷനും ഒരുക്കാതെ, ഏത് നിമിഷവും മുങ്ങാൻ കഴിയുന്ന വിധത്തിലായിരിക്കും അത്തരം സംഘങ്ങളുടെ ഡിസൈൻ പോലും തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ എല്ലാ സംവിധാനങ്ങളും കെട്ടിപ്പടുത്ത് വലിയൊരു ലക്ഷ്യത്തിനുവേണ്ടി ദീർഘകാലം കഠിനാധ്വാനം ചെയ്യുമ്പോഴുണ്ടാകുന്ന സ്വഭാവിക തെറ്റുകളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ‘സ്കാം’ എന്നു മുദ്ര കുത്തുന്നത് ആ സംരംഭകരെ മാനസികമായി തളർത്തും. ആ നിരാശ നമ്മുടെ സംരംഭകത്വ സംസ്കാരത്തെത്തന്നെ നശിപ്പിക്കും.
സംരംഭകരില്ലാതെ എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും?
ഏകദേശം 40 ശതമാനത്തോളമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ.
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? തൊഴിൽദാതാക്കൾ ഇവിടെ കുറവായതാണ് കാരണം. ആരാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്? സംരംഭകർ. അവർ എങ്ങനെയാണ് അത് ചെയ്യുന്നത്? പുതിയ സംരംഭങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും.
അപ്പോൾ ഓരോ സംരംഭങ്ങളും നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്.
എന്നു കരുതി തെറ്റുകൾ ചൂണ്ടികാണിക്കാതിരിക്കുകയോ വിമർശിക്കാതിരിക്കുകയോ ചെയ്യണം എന്നല്ല, ഉന്നയിക്കുന്ന വിമർശനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനാണ് നാം ശ്രമിക്കേണ്ടത്.
Thankfully,
സഫീർ നജുമുദ്ദീൻ
ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ