MALAYALAM19 Feb 2026

ബ്രാൻഡിനെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകുമോ? വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമോ? 🫤

സംരംഭകർ അനുഭവിക്കുന്ന വലിയൊരു ബാധ്യതയാണ് ‘സൽപ്പേര്’ നിലനിർത്തി കൊണ്ടു പോവുക എന്നത്.😊

Success is a public event; struggle is a private journey. ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാൽ സൽപ്പേരിന് വേണ്ടി നമുക്ക് അധികം സമയം കളയേണ്ടി വരില്ല. ഒരു സംരംഭത്തിന്റെ വിജയം സമൂഹം ഒന്നാകെ ആഘോഷിക്കും. എന്നാൽ ആ വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സംരംഭകർ ഒറ്റക്കായിരിക്കും.

പൊതുവെ കണ്ടു വരുന്നൊരു സംഗതി, തങ്ങളുടെ സംരംഭത്തിനെതിരെ ആരെങ്കിലും മറ്റെന്തെങ്കിലും വ്യക്തിപരമായ ലക്ഷ്യം മുൻ നിർത്തിയോ തെറ്റിദ്ധാരണ കാരണമോ ആക്ഷേപങ്ങൾ ഉയർത്തി എന്നിരിക്കട്ടെ, ഈ ആക്ഷേപത്തിന് മറുപടി പറയാൻ മുഴുവൻ സിസ്റ്റവും തെയ്യാറെടുക്കുന്നു, സ്വഭാവികമായും ഇവിടെ സ്വന്തം ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗം കുറയുകയോ ഫോക്കസിംഗ് തന്നെ മാറി പോവുകയോ ചെയ്യുന്നു.

നമ്മുടെ ബ്രാൻഡിനെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകുമെന്നും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നുമാണ് ഇവിടെ നമ്മൾ തിരിച്ചറിയേണ്ടൊരു വസ്തുത. വിളഞ്ഞ പാടത്തെയാണ് എല്ലാവരും അറിയുക, ഉഴുത പാടത്തെ ആരും അറിയണമെന്നില്ല.

വിളവെടുക്കുന്നതിന് മുൻപ് അഭിനന്ദനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ സൽപ്പേര് നിലനിർത്താൻ ഇത്രയധികം കഷ്ടപ്പെടുന്നത്? ഒരു പക്ഷേ, അടുത്ത തലമുറയായിരിക്കും അതിന്റെ മൂല്യം തിരിച്ചറിയുന്നത്.

നിർമ്മാണ വേളയിൽ വിമർശനങ്ങളും, വിജയിച്ചു കഴിയുമ്പോൾ ബഹുമാനവും എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

ഒരു കമ്പനിയെ സംബന്ധിച്ച് ഏറ്റവും പ്രധാനം, അവർ നൽകുന്ന സേവനത്തിന് വിപണിയിൽ കൃത്യമായ ആവശ്യമുണ്ടോ (Need), അത് വിശ്വസ്തതയോടെ നൽകാൻ കഴിയുന്നുണ്ടോ എന്നതാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സംരംഭകർ ബാധ്യസ്ഥരല്ല, എന്നാൽ യഥാർത്ഥ മൂല്യം (Value) സൃഷ്ടിക്കാൻ സംരംഭകർ ബാധ്യസ്ഥരാണ്.

1,000 ഉപഭോക്താക്കളിലേക്കായി നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്നുവെന്നിരിക്കട്ടെ! അതേസമയം തന്നെ 10 ലക്ഷം ആളുകളിലേക്ക് എത്തുന്ന ഒരു നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നു. ആ 10 ലക്ഷം പേരിൽ ഒരു ലക്ഷം പേർ നിങ്ങളുടെ ഉൽപ്പന്നം ശ്രദ്ധിക്കുന്നു, 10,000 പേർക്ക് അതിൽ താൽപ്പര്യം തോന്നുന്നു, ഒടുവിൽ 1,000 പേർ അത് വാങ്ങുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, നിങ്ങളെ ശരിക്കും ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ആ നെഗറ്റീവ് ക്യാമ്പയിൻ സഹായിച്ചു. വിമർശനങ്ങൾ 10 ലക്ഷം പേരിൽ എത്തിയിരിക്കാം. പക്ഷേ, നിങ്ങളുടെ ഉൽപ്പന്നത്തിന്റെ മൂല്യം കൃത്യമായ 1,000 പേരിൽ എത്തി. ബാക്കിയുള്ളവ പ്രസക്തമല്ല.

ചുരുക്കത്തിൽ, സൽപ്പേരിനെക്കുറിച്ചോ പൊതുജനങ്ങളുടെ അഭിപ്രായത്തെക്കുറിച്ചോ അമിതമായി ആശങ്കപ്പെടുന്നത് നമ്മുടെ വളർച്ചയെ വളരെയധികം പിന്നോട്ടടിപ്പിക്കും.

സംരംഭക മേഖലയിലേക്ക് കടന്നുവരുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്:

എളുപ്പത്തിൽ ലക്ഷ്യം നേടുവാനല്ല, നമ്മുടെ സംരംഭക യാത്രയിൽ ദുർഘടപാതകൾ മറികടക്കുവാനുള്ള കരുത്ത് ലഭിക്കാൻ വേണ്ടിയാകണം നമ്മൾ പ്രാർഥിക്കേണ്ടത്,

റൂമി പറഞ്ഞതുപോലെ, സൽപ്പേര് നഷ്ടപ്പെടുമോ എന്ന അമിത ഉത്കണ്ഡ നമുക്ക് വലിയ ബാധ്യതയായി മാറും. ആദ്യം അത് ഉപേക്ഷിക്കുക.

വിഷനിൽ ഉറച്ച വിശ്വാസവും കൂടെ കരുത്തുറ്റൊരു ടീമും ഉണ്ടെങ്കിൽ നിങ്ങളെ പോറലേൽപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല.

സധൈര്യം മുന്നോട്ട് പോവുക!

Thankfully,

സഫീർ നജുമുദ്ദീൻ

ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ